2011, ഒക്‌ടോബർ 1, ശനിയാഴ്‌ച

എന്റെ കൊച്ചു സ്വര്‍ഗത്തിലെ വലിയ സന്തോഷങ്ങള്‍.

10th കഴിഞ്ഞ് +1  എവിടെ ചേരണമെന്ന്  ചോദിക്കുമ്പോള്‍ ഞാന്‍ പറഞ്ഞിരുന്നത് എനിക്ക് ഇനിയെങ്കിലും ഒരു മൂന്ന് നിലയുള്ള സ്കൂളില്‍ പഠിക്കണമെന്നാണ്.അതുകൊണ്ട് തന്നെ ഒരിക്കല്‍ അമ്മ ബസ്സിലിരുന്ന് ഗവ.ഗേള്‍സ്‌.ഹയര്‍ 
സെകന്ടറി സ്കൂള്‍ കാണിച്ചു തന്നപ്പോള്‍ ആ ചെറിയ സ്കൂള്‍ എനിക്കത്ര ഇഷ്ടമായില്ല.ഒരിക്കലും അവിടെ ഞാന്‍ ചേരില്ല എന്ന് ഞാന്‍ ഉറപ്പിച്ചിരുന്നു.
    ഒരുപക്ഷേ ഞാന്‍ അവിടെത്തന്നെ ചേരണമെന്ന് അന്നേ ദൈവം തീരുമാനിച്ചിരിക്കാം.അത് വരെ അങ്ങനെ ഒരു സ്കൂള്‍ നെ കുറിച്ച്   ചിന്തിക്കുക പോലും ചെയ്യാതിരുന്ന ഞാന്‍  പാതി മനസ്സോടെ അവിടത്തെ കുട്ടിയായി.അങ്ങനെ മൂന്നു നിലയുള്ള സ്കൂള്‍ എന്നാ മോഹം അവിടെ തീര്‍ന്നു.
 പക്ഷെ അവിടെ എത്തിയ ആദ്യ ദിവസം മുതല്‍ ഞാന്‍ ആ സ്കൂളിനെ  സ്നേഹിച്ചു തുടങ്ങിയിരുന്നു.ഏതാണ്ടൊരു
നാലുകെട്ടിന്റെ ആകൃതിയിലുള്ള സ്കൂള്‍ കെട്ടിടവും ചുറ്റും വളര്‍ന്നു നിന്നിരുന്ന വന്മരങ്ങളും അവയുടെ സുഖ കരമായ തണലും...ആ ശാന്തമായ അന്തരീക്ഷം എനിക്കൊരുപാട്  ഇഷ്ടമായി. 
   ആദ്യ ക്ലാസ്സില്‍  ഞങ്ങളോട്  മാഷ്‌  സംസാരിച്ചത്.  കോംപറ്റിഷനെകുറിച്ചും സ്കൂളിനു 100 %  വാങ്ങിത്തരെണ്ടാതിനെക്കുറിച്ചുമല്ല.ആരുടേയും 10th വരെ ഉള്ള മാര്‍ക്ക് താരതമ്യപ്പെടുത്തിയുമില്ല.പകരം സര്‍ ഞങ്ങളോട് സ്നേഹത്തെ കുറിച്ചും പഠിച്ച്‌ എത്ര വലുതായാലും സഹ ജീവികളെ സ്നേഹിക്കനമെന്നും പറഞ്ഞു.ജീവിതത്തിലെ വലിയ പാഠങ്ങള്‍ തന്നെയായിരുന്നു അത്.
   കുറച്ചു നാള്‍ കഴിഞ്ഞാണ്,ശാന്തമായ മുഖത്തിനപ്പുറം സ്കൂളിനു  സ്മാര്‍ട്ട്‌ ആയ മറ്റൊരു മുഖം കൂടി ഉണ്ടെന്നു ഞാന്‍ അറിഞ്ഞത്.കൃത്യമായി പറഞ്ഞാല്‍ ഞങ്ങളുടെ ഫ്രെഷേസ് ഡേ മുതല്‍.കുട്ടികള്‍ തന്നെ അറേഞ്ച് ചെയ്തു ഇത്ര ഭംഗിയായി ഒരു പരിപാടി നടത്തുന്നത് ഞാന്‍ ആദ്യമായി കാണുകയായിരുന്നു.പെണ്‍കുട്ടികള്‍ മാത്രമുല്ലതിന്റെ എല്ലാ സ്വാതന്ത്ര്യവും അവിടെ ഉണ്ടായിരുന്നു. +2ക്കാരുടെ കൊച്ചു കൊച്ചു റാഗിംഗ് പോലും ഞങ്ങള്‍ ഒരുപാടു ആസ്വദിച്ചിരുന്നു.
   സത്യത്തില്‍ +2 സ്കൂള്‍ ഞങ്ങള്‍ക്ക് മുന്നില്‍ തുറന്നത് സ്വാതന്ത്ര്യത്തിന്റെ വാതിലുകളാണ്.അസൈന്മേന്ടോ 
റെക്കോഡോ   വല്ലതും  എടുക്കാന്‍ മറന്നാല്‍ ആദ്യമൊക്കെ ഞാന്‍ വീട്ടിലേക്കു തിരിചോടുമായിരുന്നു.പിന്നെ പിന്നെ മനസിലായി,അവിടെ ആരും ഞങ്ങളെ ചങ്ങലകള്‍ക്കുള്ളില്‍ തളച്ചിടാനില്ല.പേടിപ്പിച്ചും നിര്‍ബന്ധിച്ചും നടത്തെണ്ടാതല്ല പഠനം എന്ന് ഞങ്ങളുടെ അധ്യാപകര്‍ക്ക് നന്നായി അറിയാമായിരുന്നു.കുട്ടികളോട് അനാവശ്യമായി അകലം പാലിക്കാതെ മക്കളോട് എന്നാ പോലെ ഞങ്ങളോട് അവര്‍ സംസാരിച്ചിരുന്നു.
  സ്കൂളിലേക്ക് പോകാനിറങ്ങുമ്പോള്‍ ഒരു ദിവസം പോലും ഇന്ന് പോകേണ്ടായിരുന്നു എന്ന് ഞാന്‍ ആഗ്രഹിച്ചിട്ടില്ല.    അവിടെ പഠിച്ചിരുന്ന ആരും വിചാരിച്ചിട്ട്ണ്ടാവില്ല എന്നെനിക്കു ഉറപ്പാണ്‌.അതിനു പ്രധാന കാരണം മറ്റു +2 സ്കൂളുകളെ പോലെ പഠനം മാത്രമാന് ജീവിതം എന്ന് ഞങ്ങളെയാരും പഠിപ്പിചിരുന്നില്ല എന്നതാണ്. ആഘോഷങ്ങള്‍ക്കും അവിടെ തുല്യ പ്രാധാന്യം ഉണ്ടായിരുന്നു.ചില ദിവസങ്ങളില്‍ ഒന്നോ രണ്ടോ മണിക്കൂറുകള്‍ മാത്രമായിരിക്കും ക്ലാസ്.പക്ഷെ ആ ക്ലാസുകള്‍ മതിയായിരുന്നു പഠിക്കാന്‍.
    ഒഴിവു സമയങ്ങള്‍ ഞങ്ങളെ കൂടുതല്‍ പരസ്പരം അടുപ്പിച്ചു.പൊള്ളയായ  ചിരികള്‍ക്കും ഓട്ടോഗ്രാഫില്‍ എഴുതുന്ന വരികള്‍ക്കുമപ്പുറം യദാര്ധ സൌഹൃദം   ഹൃദയത്തില്‍ എഴുതപ്പെടുന്നതാനെന്നു പഠിപ്പിച്ചതും ആ സ്കൂളാണ്.
  പരീക്ഷകളെക്കുറിച്ചും  പഠനത്തെ കുറിച്ചും മാത്രം സംസാരിക്കാന്‍ അറിയാമായിരുന്ന മറ്റു സ്കൂളുകളിലെ കൂട്ടുകാര്‍ക്ക് സ്കൂളിലെ വാശിയേറിയ +2 അസോസിയെഷന്‍  തിരഞ്ഞെടുപ്പിനെക്കുരിച്ചും,സ്കൂളില്‍ നിന്ന് സിനിമ കാണാന്‍ പോയതിനെക്കുറിച്ചുമൊക്കെ പറയുമ്പോള്‍ അത്ഭുതമായിരുന്നു.
  ടെന്‍ഷന്‍ നിറഞ്ഞ പരീക്ഷ ദിനങ്ങളിലും കൊച്ചു കൊച്ചു വിഷമങ്ങളിലുമെല്ലാം  ഞങ്ങളുടെ മരത്തണലുകള്‍ ഞങ്ങളെ ആശ്വസിപ്പിച്ചു.
   സന്തോഷത്തിന്റെ ആ ദിവസങ്ങള്‍ മഴത്തുള്ളികള്‍ പോലെ കയ്യില്‍ നിന്നും ഊര്‍ന്നു പോയി.+2 മാര്‍ക്ക് ലിസ്റ്റ് കിട്ടിയപ്പോള്‍ എല്ലാ കോളത്തിലും നിറഞ്ഞ  A+ നേക്കാള്‍ എന്നെ സന്തോഷിപ്പിച്ചത് ഓര്‍ത്തു വയ്ക്കാനായി ആ സ്കൂള്‍ നല്‍കിയ ഒരുപാടു നല്ല നിമിഷങ്ങളാണ്.എനിക്ക് അഭിമാനത്തോടെ പറയാം 2 വര്‍ഷം 2 വര്‍ഷമെങ്കിലും ഞാന്‍ ജീവിതം ആസ്വദിച്ചിട്ടുണ്ട്.
     ഇന്ന് ഞാന്‍ എന്റെ പഴയ ആഗ്രഹം പോലെ നിലകളെറെയുള്ള  ഒരു എഞ്ചിനീയറിംഗ് കോളേജിലാണ്.
കോളേജ  അവിടെ കിട്ടുന്ന സ്വാതന്ത്ര്യം അങ്ങനെ എല്ലാ സങ്കല്‍പ്പങ്ങളെയും   മാറ്റി മറിച്ച് കൊണ്ട് വീണ്ടും ഒരു പ്രൈമറി സ്കൂളില്‍ ചെന്ന പ്രതീതി.നിയന്ത്രണങ്ങളുടെ ഒരു വലയം തന്നെയാണ് ചുറ്റും.വേണമെന്ന് വച്ച് തന്നെ ഉണ്ടാക്കാന്‍ ശ്രമിക്കുന്ന സൌഹൃദങ്ങള്‍.ഇടയ്ക്കു പിടിച്ചുനില്‍ക്കാനാവാതെ മനസ്സ് തേങ്ങുമ്പോള്‍ ആശ്വാസത്തിന്റെ ഒരു തണല്‍ നല്കാന്‍ മുത്തശ്ശി മരങ്ങളില്ല. സ്കൂള്‍ നല്‍കിയിരുന്ന മാനസികമായ സുരക്ഷിതത്വം ഇവിടത്തെ വലിയ കെട്ടിടങ്ങള്‍ക്ക് ഒരിക്കലും നല്‍കാനാവാറില്ല .ഓരോ ദിവസവും പുലരുമ്പോള്‍ പ്രാര്‍ത്ഥിക്കും എത്രയും പെട്ടെന്ന് ഈ ദിവസം കഴിഞ്ഞെങ്കില്‍.
     ഇന്നെനിക്കു മനസിലാകുന്നു.എനിക്ക് നഷ്ടപ്പെട്ടത് എന്റെ കൊച്ചു സ്വര്‍ഗം തന്നെയാണ്.വലിയ സന്തോഷങ്ങളുടെ കൊച്ചു സ്വര്‍ഗം.