2011, ഏപ്രിൽ 7, വ്യാഴാഴ്‌ച

അഹങ്കാരമല്ല സര്‍,ആത്മാഭിമാനം മാത്രം


പരീക്ഷ അടുത്തിട്ടും അന്നും ഞങ്ങളുടെ ക്ലാസ് പതിവുപോലെ ചന്ത തന്നെയായിരുന്നു. അടുത്ത ക്ലാസിലും സ്ഥിതി ഇതു തന്നെ ആയതുകൊണ്ട് ആര്‍ക്കും വലിയ ശല്യമൊന്നുമില്ല.ഞങ്ങള്‍ അന്താക്ഷരി  കളിക്കുകയായിരുന്നു,കുറച്ചുപേര്‍ മാത്രം കാര്യമായിരുന്ന് റെക്കോ‍‍ഡെഴുതുന്നുണ്ട്(ഏയ് പഠിപ്പിസ്റ്റുകളൊന്നുമല്ല, ഒരിക്കലും സൈന്‍ കാണാത്ത റെക്കോഡുകളെ ഇപ്പോഴെങ്കിലും അതൊന്ന് കാണിക്കണ്ടേ എന്ന് വച്ചിട്ടാ.)അപ്പോള്‍ പറ‍ഞ്ഞ് വന്നത് അന്താക്ഷരിയുടെ വോള്യം കൂടിത്തുടങ്ങിയപ്പോള്‍ സ്കൂള്‍ തകര്‍ന്നുവീഴുമോ (അല്ല,പഴയ കെട്ടിടമാണേ പറയാന്‍ പറ്റില്ല) എന്ന് സംശയിച്ചിട്ടോ എന്തോ ഫിസിക്സ് സര്‍ കൂടിയായ പ്രിന്‍സിപ്പാള്‍ കയറി വന്നു.ആളെക്കൊണ്ട് അങ്ങനെ പറയത്തക്ക ശല്യമൊന്നുമില്ല.ചോദ്യം ചോദിക്കലില്ല,കണ്ണുരുട്ടലില്ല.അത്യാവശ്യം ക്ലാസില്‍ ഇരുന്നോ കിടന്നോ പിള്ളേര്‍ ഉറങ്ങുന്നതില്‍ വിരോധവുമില്ല.അല്ല ഉള്ളത് പറയണമല്ലോ,ഞങ്ങളൊന്നും സാറിന്റെ ക്ലാസില്‍
ഉറങ്ങാറില്ലാട്ടോ,നല്ല ക്ലാസാണ്.ആ പിന്നെ ഒരു കാര്യമുണ്ട്,സര്‍ പറഞ്ഞു തുടങ്ങിയിടത്തൊന്നുമല്ല അവസാനിപ്പിക്കുക,ഫോര്‍ എക്സാംപിള്‍ ഇന്റര്‍ഫറന്‍സിനെക്കുറിച്ച് പറഞ്ഞുതുടങ്ങിയാല്‍ സ്കൂളിലെ പട്ടിശല്യത്തിലാവും അവസാനിക്കുക.
  അങ്ങനെ അന്നും സര്‍ പാഠമെടുത്തുതുടങ്ങി.ക്ലാസ് പകുതി എത്തിയപ്പോള്‍ സര്‍ പെട്ടെന്നെന്തോ ഓര്‍മ വന്നത് പോലെ പെണ്‍കുട്ടികളുടെ ഉത്തരവാദിത്തമില്ലായ്മയെക്കുറിച്ച് പറയാന്‍ തുടങ്ങി.എന്നാലും പെട്ടന്നെന്താ ഇങ്ങനെ
പറയാന്‍ എന്നാലോചിച്ച് ഇരിക്കുമ്പോഴാണ് സംഭവം കയറി വരുന്നത്."നിങ്ങളൊന്നും ഇന്ന് പത്രം വായിച്ചില്ലേ,ഒരു പെങ്കൊച്ച് ട്രെയിനീന്ന് ചാടീന്നോ കൊന്നെന്നോ ഒക്കെ ഉണ്ടാര്ന്നല്ലോ."ഞങ്ങള്‍ക്ക് സംഭവം  പിടികിട്ടി.പെണ്‍കുട്ടികള്‍ മാത്രമുള്ള ക്ലാസായത്കൊണ്ട് ഉപദേശിക്കാന്‍ എല്ലാര്‍ക്കും ഭയങ്കര ഇന്ററസ്റ്റാണ്.ഇങ്ങനെ എന്തെങ്കിലും കിട്ടിയാല്‍ പിന്നെ പറയേം വേണ്ട.
  സര്‍ പെണ്‍കുട്ടികളെ മുഴുവന്‍ നന്നാക്കിയേ അടങ്ങൂ എന്ന വാശിയിലാണ് സംസാരം."എന്തായിരുന്നു ബഹളം
വനിതാക്കമ്മീ‍‍ഷന്‍,യൂത്ത്കോണ്ഗ്രസ്... പ്രകടനം നടത്താന്‍ ഇനിയാരും ബാക്കിയില്ല.എല്ലാരും രണ്ടോ മൂന്നോ ദിവസം കാണും അതു കഴി‍ഞ്ഞാപ്പിന്നെ അവനവന്‍ തന്നേ കാണൂ.അല്ലെങ്കില്‍ ആ കൊച്ചിന്റെ അഹങ്കാരമല്ലേ   കംപാര്‍ട്ട്മെന്റ് ഒഴിഞ്ഞ് കിടക്കുന്നത് കണ്ടിട്ടും ഞാന്‍ വലിയ ആളാണെന്നും പറഞ്ഞ് കയറി ഇരുന്നു.നിങ്ങള്‍ സൂക്ഷിച്ചാല്‍ നിങ്ങള്‍ക്ക് കൊള്ളാം.ഇന്നത്തെ കാലത്ത് ജീവിച്ച് പോണമെങ്കില്‍ പെണ്‍കുട്ടികള്‍ കുറേ കാര്യങ്ങള്‍ സൂക്ഷിച്ചേ പറ്റു."
 ഉള്ളില്‍ ദേ‍ഷ്യം പുകഞ്ഞ് വരുന്നുണ്ടായിരുന്നു.സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിവുള്ള,സ്വയം ജോലിചെയ്ത്
വീട്ടുകാരെ നോക്കുന്ന ഒരു പെണ്‍കുട്ടി രാത്രി ഒറ്റക്ക് ഒരു കംപാര്‍ട്ട്മെന്റില്‍ യാത്ര ചെയ്തത്
അഹങ്കാരമായിരുന്നത്രേ.ഇന്ത്യയിലെല്ലായിടത്തും സുരക്ഷിതമായി യാത്ര ചെയ്യാനുള്ള മൗലികാവകാശം സ്ത്രീകള്‍ക്ക് ബാധകമല്ലേ?പെണ്‍കുട്ടികള്‍ ഇനി ഇതില്‍ക്കൂടുതല്‍ എങ്ങോട്ടാണ് ഒതുങ്ങേണ്ടത്?
ജീവിക്കാന്‍ അനുവദിക്കുമായിരുന്നോ
   മൂന്നോ നാലോ ദിവസം സൗമ്യ ജീവിതത്തിലേക്ക് മടങ്ങിവരുമോ എന്ന് കാത്ത് കണ്ണിലെണ്ണയൊഴിച്ച്
കാത്തിരുന്നവരാണല്ലോ മാധ്യമങ്ങളും നല്ലവരായ നാട്ടുകാരുമൊക്കെ,ഒന്ന് ചോദിക്കട്ടെ,ആ കുട്ടി ജീവിതത്തിലേക്ക് മടങ്ങിവന്നിരുന്നുവെങ്കിലും നിങ്ങള്‍ ജീവിക്കാന്‍ അനുവദിക്കുമായിരുന്നോ?
അവള്‍ സ്വപ്നം കണ്ട ഒരു ജീവിതം അവള്‍ക്ക് കിട്ടുമായിരുന്നോ,ജീവിതാവസാനം വരെ ഒരു ദുഖ പുത്രിയായി (ഒരു പക്ഷേ അവള്‍ ആഗ്രഹിച്ചില്ലെങ്കിലും) ജീവിക്കുന്ന ഓരോ നിമിഷവും മരിച്ച് അവള്‍ ജീവിക്കേണ്ടി വന്നേനെ.ഒരു വിവാഹ ജീവിതം അവള്‍ സ്വപ്നം കാണുകയേ വേണ്ട എന്നത് പോട്ടെ.പഴയ ജീവിതത്തിലേക്ക് അവള്‍ മടങ്ങിവരാന്‍ പോലും നാം സമ്മതിക്കുമായിരുന്നോ?നമ്മുടെ സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ ഒരു പെണ്‍കുട്ടിയുടെ ജീവിതം ഒരു പുരുഷന് പവിത്രമായി സമര്‍പ്പിക്കാനുള്ളതാണല്ലോ,ബലാല്‍സംഗത്തോടെ ആ ജീവിതം അവസാനിക്കുന്നു.മറ്റൊരാള്‍ ചെയ്ത തെറ്റിന് നാം ജീവപര്യന്തം അനുഭവിക്കുന്ന പോലെ.​എന്നാണ്
സ്ത്രീകള്‍ക്കും സ്വന്തമായി ആത്മാവും,ആത്മാഭിമാനവുമുണ്ടെന്ന് നമ്മുടെ സമൂഹം കണ്ടെത്തുക ആവോ.......
 

7 അഭിപ്രായങ്ങൾ:

  1. കൊള്ളാം ചിരുതക്കുട്ടീ...കീപിറ്റ് അപ്

    മറുപടിഇല്ലാതാക്കൂ
  2. ഇന്ത്യയിലെല്ലായിടത്തും സുരക്ഷിതമായി യാത്ര ചെയ്യാനുള്ള മൗലികാവകാശം സ്ത്രീകള്‍ക്ക് ബാധകമല്ലേ?പെണ്‍കുട്ടികള്‍ ഇനി ഇതില്‍ക്കൂടുതല്‍ എങ്ങോട്ടാണ് ഒതുങ്ങേണ്ടത്?
    നല്ല ചോദ്യം

    മറുപടിഇല്ലാതാക്കൂ
  3. ഉള്ളിലുള്ളതെല്ലാം ആരോടെങ്കിലും ഒന്നുറക്കെ വിളിച്ച് പറയാന്‍ ഒരു ശ്രമം,അത്രേള്ളൂ.
    നമുക്കൊക്കെ പരമാവധി ചിന്തിക്കാനല്ലേ കഴിയൂ.

    മറുപടിഇല്ലാതാക്കൂ