2011, ഒക്‌ടോബർ 1, ശനിയാഴ്‌ച

എന്റെ കൊച്ചു സ്വര്‍ഗത്തിലെ വലിയ സന്തോഷങ്ങള്‍.

10th കഴിഞ്ഞ് +1  എവിടെ ചേരണമെന്ന്  ചോദിക്കുമ്പോള്‍ ഞാന്‍ പറഞ്ഞിരുന്നത് എനിക്ക് ഇനിയെങ്കിലും ഒരു മൂന്ന് നിലയുള്ള സ്കൂളില്‍ പഠിക്കണമെന്നാണ്.അതുകൊണ്ട് തന്നെ ഒരിക്കല്‍ അമ്മ ബസ്സിലിരുന്ന് ഗവ.ഗേള്‍സ്‌.ഹയര്‍ 
സെകന്ടറി സ്കൂള്‍ കാണിച്ചു തന്നപ്പോള്‍ ആ ചെറിയ സ്കൂള്‍ എനിക്കത്ര ഇഷ്ടമായില്ല.ഒരിക്കലും അവിടെ ഞാന്‍ ചേരില്ല എന്ന് ഞാന്‍ ഉറപ്പിച്ചിരുന്നു.
    ഒരുപക്ഷേ ഞാന്‍ അവിടെത്തന്നെ ചേരണമെന്ന് അന്നേ ദൈവം തീരുമാനിച്ചിരിക്കാം.അത് വരെ അങ്ങനെ ഒരു സ്കൂള്‍ നെ കുറിച്ച്   ചിന്തിക്കുക പോലും ചെയ്യാതിരുന്ന ഞാന്‍  പാതി മനസ്സോടെ അവിടത്തെ കുട്ടിയായി.അങ്ങനെ മൂന്നു നിലയുള്ള സ്കൂള്‍ എന്നാ മോഹം അവിടെ തീര്‍ന്നു.
 പക്ഷെ അവിടെ എത്തിയ ആദ്യ ദിവസം മുതല്‍ ഞാന്‍ ആ സ്കൂളിനെ  സ്നേഹിച്ചു തുടങ്ങിയിരുന്നു.ഏതാണ്ടൊരു
നാലുകെട്ടിന്റെ ആകൃതിയിലുള്ള സ്കൂള്‍ കെട്ടിടവും ചുറ്റും വളര്‍ന്നു നിന്നിരുന്ന വന്മരങ്ങളും അവയുടെ സുഖ കരമായ തണലും...ആ ശാന്തമായ അന്തരീക്ഷം എനിക്കൊരുപാട്  ഇഷ്ടമായി. 
   ആദ്യ ക്ലാസ്സില്‍  ഞങ്ങളോട്  മാഷ്‌  സംസാരിച്ചത്.  കോംപറ്റിഷനെകുറിച്ചും സ്കൂളിനു 100 %  വാങ്ങിത്തരെണ്ടാതിനെക്കുറിച്ചുമല്ല.ആരുടേയും 10th വരെ ഉള്ള മാര്‍ക്ക് താരതമ്യപ്പെടുത്തിയുമില്ല.പകരം സര്‍ ഞങ്ങളോട് സ്നേഹത്തെ കുറിച്ചും പഠിച്ച്‌ എത്ര വലുതായാലും സഹ ജീവികളെ സ്നേഹിക്കനമെന്നും പറഞ്ഞു.ജീവിതത്തിലെ വലിയ പാഠങ്ങള്‍ തന്നെയായിരുന്നു അത്.
   കുറച്ചു നാള്‍ കഴിഞ്ഞാണ്,ശാന്തമായ മുഖത്തിനപ്പുറം സ്കൂളിനു  സ്മാര്‍ട്ട്‌ ആയ മറ്റൊരു മുഖം കൂടി ഉണ്ടെന്നു ഞാന്‍ അറിഞ്ഞത്.കൃത്യമായി പറഞ്ഞാല്‍ ഞങ്ങളുടെ ഫ്രെഷേസ് ഡേ മുതല്‍.കുട്ടികള്‍ തന്നെ അറേഞ്ച് ചെയ്തു ഇത്ര ഭംഗിയായി ഒരു പരിപാടി നടത്തുന്നത് ഞാന്‍ ആദ്യമായി കാണുകയായിരുന്നു.പെണ്‍കുട്ടികള്‍ മാത്രമുല്ലതിന്റെ എല്ലാ സ്വാതന്ത്ര്യവും അവിടെ ഉണ്ടായിരുന്നു. +2ക്കാരുടെ കൊച്ചു കൊച്ചു റാഗിംഗ് പോലും ഞങ്ങള്‍ ഒരുപാടു ആസ്വദിച്ചിരുന്നു.
   സത്യത്തില്‍ +2 സ്കൂള്‍ ഞങ്ങള്‍ക്ക് മുന്നില്‍ തുറന്നത് സ്വാതന്ത്ര്യത്തിന്റെ വാതിലുകളാണ്.അസൈന്മേന്ടോ 
റെക്കോഡോ   വല്ലതും  എടുക്കാന്‍ മറന്നാല്‍ ആദ്യമൊക്കെ ഞാന്‍ വീട്ടിലേക്കു തിരിചോടുമായിരുന്നു.പിന്നെ പിന്നെ മനസിലായി,അവിടെ ആരും ഞങ്ങളെ ചങ്ങലകള്‍ക്കുള്ളില്‍ തളച്ചിടാനില്ല.പേടിപ്പിച്ചും നിര്‍ബന്ധിച്ചും നടത്തെണ്ടാതല്ല പഠനം എന്ന് ഞങ്ങളുടെ അധ്യാപകര്‍ക്ക് നന്നായി അറിയാമായിരുന്നു.കുട്ടികളോട് അനാവശ്യമായി അകലം പാലിക്കാതെ മക്കളോട് എന്നാ പോലെ ഞങ്ങളോട് അവര്‍ സംസാരിച്ചിരുന്നു.
  സ്കൂളിലേക്ക് പോകാനിറങ്ങുമ്പോള്‍ ഒരു ദിവസം പോലും ഇന്ന് പോകേണ്ടായിരുന്നു എന്ന് ഞാന്‍ ആഗ്രഹിച്ചിട്ടില്ല.    അവിടെ പഠിച്ചിരുന്ന ആരും വിചാരിച്ചിട്ട്ണ്ടാവില്ല എന്നെനിക്കു ഉറപ്പാണ്‌.അതിനു പ്രധാന കാരണം മറ്റു +2 സ്കൂളുകളെ പോലെ പഠനം മാത്രമാന് ജീവിതം എന്ന് ഞങ്ങളെയാരും പഠിപ്പിചിരുന്നില്ല എന്നതാണ്. ആഘോഷങ്ങള്‍ക്കും അവിടെ തുല്യ പ്രാധാന്യം ഉണ്ടായിരുന്നു.ചില ദിവസങ്ങളില്‍ ഒന്നോ രണ്ടോ മണിക്കൂറുകള്‍ മാത്രമായിരിക്കും ക്ലാസ്.പക്ഷെ ആ ക്ലാസുകള്‍ മതിയായിരുന്നു പഠിക്കാന്‍.
    ഒഴിവു സമയങ്ങള്‍ ഞങ്ങളെ കൂടുതല്‍ പരസ്പരം അടുപ്പിച്ചു.പൊള്ളയായ  ചിരികള്‍ക്കും ഓട്ടോഗ്രാഫില്‍ എഴുതുന്ന വരികള്‍ക്കുമപ്പുറം യദാര്ധ സൌഹൃദം   ഹൃദയത്തില്‍ എഴുതപ്പെടുന്നതാനെന്നു പഠിപ്പിച്ചതും ആ സ്കൂളാണ്.
  പരീക്ഷകളെക്കുറിച്ചും  പഠനത്തെ കുറിച്ചും മാത്രം സംസാരിക്കാന്‍ അറിയാമായിരുന്ന മറ്റു സ്കൂളുകളിലെ കൂട്ടുകാര്‍ക്ക് സ്കൂളിലെ വാശിയേറിയ +2 അസോസിയെഷന്‍  തിരഞ്ഞെടുപ്പിനെക്കുരിച്ചും,സ്കൂളില്‍ നിന്ന് സിനിമ കാണാന്‍ പോയതിനെക്കുറിച്ചുമൊക്കെ പറയുമ്പോള്‍ അത്ഭുതമായിരുന്നു.
  ടെന്‍ഷന്‍ നിറഞ്ഞ പരീക്ഷ ദിനങ്ങളിലും കൊച്ചു കൊച്ചു വിഷമങ്ങളിലുമെല്ലാം  ഞങ്ങളുടെ മരത്തണലുകള്‍ ഞങ്ങളെ ആശ്വസിപ്പിച്ചു.
   സന്തോഷത്തിന്റെ ആ ദിവസങ്ങള്‍ മഴത്തുള്ളികള്‍ പോലെ കയ്യില്‍ നിന്നും ഊര്‍ന്നു പോയി.+2 മാര്‍ക്ക് ലിസ്റ്റ് കിട്ടിയപ്പോള്‍ എല്ലാ കോളത്തിലും നിറഞ്ഞ  A+ നേക്കാള്‍ എന്നെ സന്തോഷിപ്പിച്ചത് ഓര്‍ത്തു വയ്ക്കാനായി ആ സ്കൂള്‍ നല്‍കിയ ഒരുപാടു നല്ല നിമിഷങ്ങളാണ്.എനിക്ക് അഭിമാനത്തോടെ പറയാം 2 വര്‍ഷം 2 വര്‍ഷമെങ്കിലും ഞാന്‍ ജീവിതം ആസ്വദിച്ചിട്ടുണ്ട്.
     ഇന്ന് ഞാന്‍ എന്റെ പഴയ ആഗ്രഹം പോലെ നിലകളെറെയുള്ള  ഒരു എഞ്ചിനീയറിംഗ് കോളേജിലാണ്.
കോളേജ  അവിടെ കിട്ടുന്ന സ്വാതന്ത്ര്യം അങ്ങനെ എല്ലാ സങ്കല്‍പ്പങ്ങളെയും   മാറ്റി മറിച്ച് കൊണ്ട് വീണ്ടും ഒരു പ്രൈമറി സ്കൂളില്‍ ചെന്ന പ്രതീതി.നിയന്ത്രണങ്ങളുടെ ഒരു വലയം തന്നെയാണ് ചുറ്റും.വേണമെന്ന് വച്ച് തന്നെ ഉണ്ടാക്കാന്‍ ശ്രമിക്കുന്ന സൌഹൃദങ്ങള്‍.ഇടയ്ക്കു പിടിച്ചുനില്‍ക്കാനാവാതെ മനസ്സ് തേങ്ങുമ്പോള്‍ ആശ്വാസത്തിന്റെ ഒരു തണല്‍ നല്കാന്‍ മുത്തശ്ശി മരങ്ങളില്ല. സ്കൂള്‍ നല്‍കിയിരുന്ന മാനസികമായ സുരക്ഷിതത്വം ഇവിടത്തെ വലിയ കെട്ടിടങ്ങള്‍ക്ക് ഒരിക്കലും നല്‍കാനാവാറില്ല .ഓരോ ദിവസവും പുലരുമ്പോള്‍ പ്രാര്‍ത്ഥിക്കും എത്രയും പെട്ടെന്ന് ഈ ദിവസം കഴിഞ്ഞെങ്കില്‍.
     ഇന്നെനിക്കു മനസിലാകുന്നു.എനിക്ക് നഷ്ടപ്പെട്ടത് എന്റെ കൊച്ചു സ്വര്‍ഗം തന്നെയാണ്.വലിയ സന്തോഷങ്ങളുടെ കൊച്ചു സ്വര്‍ഗം.
 



2011, സെപ്റ്റംബർ 12, തിങ്കളാഴ്‌ച

ആഘോഷങ്ങള്‍ ബാക്കി വക്കുന്നത്

അങ്ങനെ ഒരു ഓണവും കൂടി കഴിഞ്ഞു. എല്ലാവരും തിരക്കുകളിലേക്ക് തിരിച്ചു പോയി.ഇന്നെന്തോ വല്ലാത്ത ഒറ്റപ്പെടല്‍.
       സ്കൂളിലെ പൂക്കളമത്സരവും ഓണപ്പൂട്ടും ഒന്നുമില്ലാത്ത ആദ്യത്തെ ഓണമാണിത്.അന്നും ഞാനിങ്ങനെ തന്നെ ആയിരുന്നു.പത്തു ദിവസം ചേച്ചിയോട് മത്സരിച്ചു പൂ പറിച്ച്‌ പൂക്കളമിട്ട്,ഓരോ ദിവസവും ആഘോഷിച്ച് ഒടുവില്‍ മുറ്റത്തു നിന്നും പൂക്കളം മായുമ്പോള്‍ മനസിലെവിടെയോ ഒരു വിങ്ങല്‍. ഓണവധികഴിഞ്ഞു തുറക്കുന്ന ആദ്യദിവസം "എനിക്ക് സ്കൂളില്‍ പോണ്ടാ... " എന്ന് പറഞ്ഞു കരച്ചില്‍. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഉറക്കെയുള്ള ഈ കരച്ചില്‍ മാത്രം മാഞ്ഞുപോയി.മനസ്സ് അന്നും ഇന്നും കരയാറുണ്ട്.പക്ഷെ ആ വിഷമം കുറച്ചു നീണ്ടുനില്‍ക്കു.സമയമേ  നീണ്ടു  നില്‍ക്കു. സ്കൂള്‍  കളിയും ചിരിയുമെല്ലമായി ആ കണ്ണീര്‍ തുടച്ചു നീക്കും.
   പിന്നെ പ്ലസ്‌ ടു ക്ലാസ്സില്‍ എത്തിയപ്പോള്‍ തിരുവോണം ഒഴിച്ചുള്ള എല്ലാ ദിവസവും എന്ട്രന്‍സ് ക്ലാസ്സുകള്‍ അപഹരിച്ചത് കൊണ്ടോ,സ്കൂള്‍ തുറന്നിട്ടാണ് ഞങ്ങള്‍ ശരിക്കും  ആസ്വദിച്ചിരുന്നത് എന്നതുകൊണ്ടോ എന്തോ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളും എന്നെ വേദനിപ്പിച്ചിരുന്നില്ല.
       പക്ഷേ ഈ ഓണം എനിക്കല്പം വ്യതസ്തമായിരുന്നു. സ്കൂള്‍ വിട്ടിറങ്ങിയിട്ടു  5 മാസം കഴിയുന്നു.ഇത്രയും നീണ്ട അവധിക്കാലം ആദ്യമൊക്കെ ആസ്വദിച്ചിരുന്നു.പിന്നെ പിന്നെ ഒറ്റയ്ക്ക് വീട്ടില്‍...മടുത്തു തുടങ്ങി.അതുകൊണ്ടാണ് എല്ലാവരും ഒത്തുചേര്‍ന്ന ഈ കുറച്ചു ദിവസങ്ങള്‍ എനിക്കേറെ പ്രിയപ്പെട്ടതായത്.പക്ഷേ ഇന്ന് വീണ്ടും ഇവിടെ തനിച്ചായപ്പോള്‍........
  കുട്ടിക്കാലത്ത് ഞാന്‍ ആലോചിച്ചിരുന്നു,വയസയവര്‍ക്ക് എത്ര സുഖമാണ്.  സ്കൂളില്‍ പോകേണ്ട,മറ്റു ഉത്തരവാദിത്തങ്ങളില്ല.പക്ഷേ ഇന്നെനിക്കറിയാം.എനിക്കിപ്പോള്‍ തോന്നുന്നതിനെക്കാള്‍ എത്ര വലിയ വേദനയായിരിക്കും അവര്‍ക്ക്.എനിക്കിനി വീണ്ടും   തിരക്കുകളിലേക്ക് മടങ്ങാന്‍ കുറച്ചു  ദിവസങ്ങള്‍  കൂടി.എനിക്കറിയാം ഈ ഒറ്റപ്പെടല്‍ അധികം നീണ്ടുനില്‍ക്കില്ലെന്നു.പക്ഷേ എന്റെ അമ്മൂമ്മമാര്‍ക്ക് എന്നും ഒരുപോലെ തുടരുന്ന ഈ ജീവിതത്തില്‍   വലിയ  സ്വപ്നങ്ങളാണ് സന്തോഷങ്ങളാണ് ഈ  ആഘോഷങ്ങള്‍.
       ക്യാമറയില്‍ ഇന്നലെ പകര്‍ത്തിയ ചിത്രങ്ങള്‍ കാണുകയായിരുന്നു ഞാന്‍.അതിലും മിഴിവുറ്റ ചിത്രങ്ങളായി മനസ്സില്‍ ഓണം ബാക്കി നില്‍ക്കുന്നു.സത്യത്തില്‍ ഈ കൊച്ചു കൊച്ചു ആഘോഷങ്ങലല്ലേ നമ്മുടെയൊക്കെ ജീവിതത്തെ സുന്ദരമാക്കുന്നത്...ഞാനും കാത്തിരിക്കുകയാണ്‌ അടുത്ത ആഘോഷത്തിനായി.  

2011, ഓഗസ്റ്റ് 25, വ്യാഴാഴ്‌ച

ചെറിയ കണ്ണുകള്‍ക്ക് മാത്രം കാണാവുന്ന ചില കാര്യങ്ങള്‍

 "അമ്മു...മഴ വരുന്നുണ്ട് കളി നിര്‍ത്തി അകത്തേക്ക് കേറ്."
 അമ്മു മനസില്ലാ മനസ്സോടെ എഴുന്നേറ്റു.   മഴയ്ക്ക് വരാന്‍ കണ്ട ഒരു നേരം. അമ്മു ഉറുമ്പ് നിരീക്ഷണത്തിലായിരുന്നു.വരി വരിയായി നീങ്ങുന്ന ഉറുമ്പുകള്‍. ഉറുമ്പുകളില്‍ രാജാവും റാണിം ഒക്കെണ്ടത്രേ.അപ്പുവേട്ടന്‍ പറഞ്ഞതാണ്‌.
 ഏട്ടന്‍ കണ്ടിട്ടിണ്ട്ത്രേ.എനിക്കും കാട്ടിത്തരാന്‍ പറഞ്ഞിട്ട് എന്താ പവറ്. ഇന്ന് കണ്ടുപിടിച്ചിട്ടെ എണിക്കൂന്ന്വച്ചിട്ടിരുന്നതാ.
  "അമ്മു നിന്നോടല്ലേ കേറി ഇരിക്കാന്‍ പറഞ്ഞെ "ഇനിയം കേറി   ഇല്ലെങ്കില്‍ അടിയായിരിക്കും.അമ്മു
  ഓടി ചവിട്ടുപടിമേല്‍ ഇരുന്നു.ആകാശത്തേക്ക് നോക്കി. കറുത്തിരുന്ന്ടിരിക്കുന്നു.നല്ല  കാറ്റുമുണ്ട് .        .മഴയെക്കാള്‍ അമ്മുവിനിഷ്ടം ഈ തണുത്ത കാറ്റാണ്.മഴ  വീണു തുടങ്ങി.
   അമ്മ അടുക്കളയില്‍ നിന്നും ഓടി  വരുന്നുണ്ട്.അയയില്‍ ഉണങ്ങാനിട്ട തുണിയൊന്നും എടുത്തിട്ടില്ല.മഴക്കൊപ്പം ഈ  ഓട്ടവും പതിവാണ്.
   അമ്മു  ഉറുമ്പുകളെ നോക്കി.വീടിനരികത്തുകൂടിയാണ്  പോകുന്നത്.മഴ വെള്ളം അടുത്തെത്തിയിട്ടില്ല.
അമ്മു  നോക്കിക്കൊണ്ടിരിക്കെ ഒരു ഉറുമ്പ് വെള്ളം പോകുന്ന ചാലിലേക്ക് വീണു .അത് പിടയുന്നുണ്ട്‌. അമ്മു എഴുന്നേറ്റു.അത് ഒഴുകിപ്പോകുന്നതിന് മുന്‍പേ രക്ഷപ്പെടുത്തണം.അവള്‍ അവിടെക്കോടി. കുനിഞ്ഞിരുന്നു ഉറുമ്പിനെ നോക്കുമ്പോഴേക്കും പുറത്തൊരടി വീണിരുന്നു. "നിന്നോട് കേറി ഇരിക്കാന്‍ പറഞ്ഞാല്‍ കേള്‍ക്കില്ല അല്ലെ"അമ്മ കയ്യില്‍ പിടിച്ച് വലിച്ച് അകത്തേക്ക് കയറ്റി.
   "അമ്മേ ആ ഉറുമ്പ്.."
."മിണ്ടാടിരുനോണം മഴ കൊണ്ട് പനീ  പിടിച്ചാല്‍ കൊണ്ട്  നടക്കാന്‍ ഞാന്‍ തന്നെ ഉള്ളു."
    അമ്മു വിതുമ്മിക്കരഞ്ഞു.അടിയുടെ വേദന കൊണ്ടല്ല.പാവം ആ   ഉറുമ്പ്  അതിനുണ്ടാവില്ലേ അച്ഛനും അമ്മയും.മോനെ കാണാതാവുമ്പോ  ആ അമ്മ എന്തോരം വിഷമിക്കും.
 അല്ലെങ്കിലും ഈ അമ്മ ഇങ്ങനെയാണ്.ഇന്നലെ ഉറങ്ങാന്നേരം പ്രവിന്റെം ഉറുമ്പിന്റേം  കഥ പറഞ്ഞുതന്ന്,അപകടത്തില്‍ പെട്ടോരെ രക്ഷിക്കണംന്നൊക്കെ പറഞ്ഞിട്ടിപ്പോ
 അമ്മു   കരഞ്ഞുകൊണ്ടിരുന്നു.അവള്‍ക്കറിയില്ലല്ലോ വളര്‍ന്നു 'വലുതായ'വര്‍ക്ക് തന്നെക്കാള്‍ ചെറിയ
ജീവിതങ്ങളെ കാണാനാവില്ലെന്ന്.

2011, ഏപ്രിൽ 22, വെള്ളിയാഴ്‌ച

ഞങ്ങടെ മുറ്റത്തും റഫ്ളേഷ്യ!!!!!!

   ന്നലെ വൈകുന്നേരം നാല് നാലര മണിയായിക്കാണും, ഉച്ചയുറക്കം ക‍ഴി‍ഞ്ഞ് ഞാനെഴുന്നേറ്റപ്പോള്‍ വീട്ടിലാരുമില്ല. എല്ലാരും കൂടി എന്നെക്കൂട്ടാതെ എ‍ങ്ങോട്ടാണ് പോയതെന്നാലോചിച്ച് കണ്‍ഫ്യൂഷനടിച്ച്    ഇരിക്കുമ്പോള്‍ തറവാട്ടില്‍ നിന്ന് നല്ല ബഹളം,നേരെ അങ്ങോട്ട് ഓടി.ഊഹം തെറ്റിയിട്ടില്ല.അച്ഛനും,അമ്മയും, ചേച്ചിയും വയ്യാത്ത അമ്മൂമ്മയും കൂടി അവിടെ നില്കുന്നുണ്ട്.ഉണ്ണി(പാപ്പന്റെ മകന്‍) എന്തിന്റേയോ വീഡിയോ എടുക്കുന്ന  തിരക്കിലാണ്. ഇനി അവിടെ വല്ല വാല്‍നക്ഷത്രവും പൊട്ടിവീണോ എന്ന് വിചാരിച്ച് നോക്കുമ്പോള്‍ഒരു പൂവാണ് സംഭവം(പൂവാ​ണെന്ന് ആദ്യമെനിക്ക് തോന്നീല്ലാട്ടാ)സാമാന്യം
നല്ല നാറ്റമുള്ളതോണ്ട് ആരും  മൂക്കില്‍ നിന്ന് കയ്യെടുത്തിട്ടില്ല.
       ഉണ്ണിയാണ് സംഭവം വിവരിച്ച് തന്നത്.രാവിലെ മുതല്‍ മുറ്റത്തേക്കിറങ്ങുമ്പോള്‍ എലി ചത്തുചീ‍ഞ്ഞ നാറ്റം.
അങ്ങനെ അവനും പപ്പയും കൂടി പറമ്പുമുഴുവന്‍ അരിച്ച്പെറുക്കിയിട്ടും ഒരു എലിവാല് പോലും കിട്ടീല.പറമ്പ് നിരീക്ഷണത്തിനിടയിലാണ് പുല്ലിനിടയില്‍ ഈ പുതിയ പൂവിനെ അവന്‍ കണ്ടുപിടിച്ചത്,കാണാന്‍ അത്യാവശ്യം വലിപ്പമുണ്ട്,നല്ല നാറ്റവും,ഇത് റഫ്ളേഷ്യ തന്നെ.
        അങ്ങനെ കേരളത്തിലൊക്കെ റഫ്ളേഷ്യ വിടരുമോ,പണ്ട് നാലാം ക്ലാസിലെ ടെക്സ്റ്റ്ബുക്കില്‍ വായിച്ച
വിവരം വച്ച് ഞാന്‍ പറ‍ഞ്ഞു-"ഹേയ് ഇത് റഫ്ളേഷ്യയൊന്നുമല്ല,അതിരു പത്തിരുപത്തൊന്ന് കിലോ വരും"
അവന്‍ വിട്ട് തരുമോ,"പോടീ,പൊട്ടീ,ഇത് റഫ്ളേ‍ഷ്യയുടെ മൊട്ടാണ്.അതാ വലിപ്പമില്ലാത്തെ".പറമ്പിലെ
ഓരോ പുല്ലിന്റേയും പേര് വേര്‍തിരിച്ചറിയാവുന്ന അമ്മൂമ്മക്കും ഇതെന്താണ് സംഭവം എന്ന് പിടികിട്ടിയില്ല.
അങ്ങനെ ഞങ്ങള്‍ ഉറപ്പിച്ചു ഇത് റഫ്ളേഷ്യ തന്നെ.മേമ പറ‍ഞ്ഞു"പിള്ളേരെ, വേഗം പോയി റെഡ്യായി വാ,നമുക്ക് എസിവീക്ക്  വിളിക്കാം."കേട്ട പാതി കേള്‍ക്കാത്ത പാതി ‍ഞങ്ങള്‍ വീട്ടിലേക്ക് ഓടി.
ഞങ്ങള്‍ എസിവിക്ക് വിളിക്കാന്‍ നില്‍ക്കുമ്പോഴാണ് ,പാപ്പന്റെ ഒരു ഫ്രണ്ട് വരുന്നത്.വന്നതല്ല,റഫ്ളേ‍ഷ്യ
കാണാന്‍ വിളിച്ച് വരുത്തിയതാണ്.അയാള്‍ സംഭവം കണ്ട് ഇത് റഫ്ളേഷ്യയൊന്നുമല്ല,ചേനേടെ പൂവാ എന്നും
പറ‍ഞ്ഞിട്ട് പോയി.
 അങ്ങനെ അങ്ങ് വിട്ട് കൊടുക്കാനൊക്കുമോ,ഇനി നമുക്കൊരു പബ്ലിസിറ്റി വേണ്ട എന്ന് വച്ചിട്ട്
പറഞ്ഞതാണെങ്കിലോ,ഞങ്ങള്‍ നേരെ നെറ്റില്‍ കയറി സെര്‍ച്ചി നോക്കി.പക്ഷെ വിരി‍ഞ്ഞ റഫ്ളേഷിയേടെ
പടം മാത്രമേ ഉള്ളൂ,നിറമൊക്കെ ഏതാണ്ട് മാച്ച് ചെയ്യുന്നുണ്ട്..എന്നാപ്പിന്നെ ചേനപ്പൂവ് എങ്ങനെ ഇരിക്കും
എന്ന് നോക്കാമെന്ന് വ‍ച്ച് അതും സര്‍ച്ച് ചെയ്തു.
                                    അപ്പോ ദാണ്ടെ കിടക്കുന്നു നമ്മുടെ റഫ്ളേഷ്യ.
എല്ലാവരുടേം മുഖമൊന്ന് കാണേണ്ടതായിരുന്നു."അല്ലെങ്കിലും ഈ റഫ്ളേഷ്യാന്ന് പറഞ്ഞാല്‍ ഒരു തരം
ചേന തന്നെയാന്നേ"മേമയുടെ കമന്റ്.അങ്ങനെ ഞങ്ങളൊരു നിഗമനത്തിലെത്തി-റഫ്ളേഷ്യ ഒരു തരം
ചേന തന്നെ.

2011, ഏപ്രിൽ 7, വ്യാഴാഴ്‌ച

അഹങ്കാരമല്ല സര്‍,ആത്മാഭിമാനം മാത്രം


പരീക്ഷ അടുത്തിട്ടും അന്നും ഞങ്ങളുടെ ക്ലാസ് പതിവുപോലെ ചന്ത തന്നെയായിരുന്നു. അടുത്ത ക്ലാസിലും സ്ഥിതി ഇതു തന്നെ ആയതുകൊണ്ട് ആര്‍ക്കും വലിയ ശല്യമൊന്നുമില്ല.ഞങ്ങള്‍ അന്താക്ഷരി  കളിക്കുകയായിരുന്നു,കുറച്ചുപേര്‍ മാത്രം കാര്യമായിരുന്ന് റെക്കോ‍‍ഡെഴുതുന്നുണ്ട്(ഏയ് പഠിപ്പിസ്റ്റുകളൊന്നുമല്ല, ഒരിക്കലും സൈന്‍ കാണാത്ത റെക്കോഡുകളെ ഇപ്പോഴെങ്കിലും അതൊന്ന് കാണിക്കണ്ടേ എന്ന് വച്ചിട്ടാ.)അപ്പോള്‍ പറ‍ഞ്ഞ് വന്നത് അന്താക്ഷരിയുടെ വോള്യം കൂടിത്തുടങ്ങിയപ്പോള്‍ സ്കൂള്‍ തകര്‍ന്നുവീഴുമോ (അല്ല,പഴയ കെട്ടിടമാണേ പറയാന്‍ പറ്റില്ല) എന്ന് സംശയിച്ചിട്ടോ എന്തോ ഫിസിക്സ് സര്‍ കൂടിയായ പ്രിന്‍സിപ്പാള്‍ കയറി വന്നു.ആളെക്കൊണ്ട് അങ്ങനെ പറയത്തക്ക ശല്യമൊന്നുമില്ല.ചോദ്യം ചോദിക്കലില്ല,കണ്ണുരുട്ടലില്ല.അത്യാവശ്യം ക്ലാസില്‍ ഇരുന്നോ കിടന്നോ പിള്ളേര്‍ ഉറങ്ങുന്നതില്‍ വിരോധവുമില്ല.അല്ല ഉള്ളത് പറയണമല്ലോ,ഞങ്ങളൊന്നും സാറിന്റെ ക്ലാസില്‍
ഉറങ്ങാറില്ലാട്ടോ,നല്ല ക്ലാസാണ്.ആ പിന്നെ ഒരു കാര്യമുണ്ട്,സര്‍ പറഞ്ഞു തുടങ്ങിയിടത്തൊന്നുമല്ല അവസാനിപ്പിക്കുക,ഫോര്‍ എക്സാംപിള്‍ ഇന്റര്‍ഫറന്‍സിനെക്കുറിച്ച് പറഞ്ഞുതുടങ്ങിയാല്‍ സ്കൂളിലെ പട്ടിശല്യത്തിലാവും അവസാനിക്കുക.
  അങ്ങനെ അന്നും സര്‍ പാഠമെടുത്തുതുടങ്ങി.ക്ലാസ് പകുതി എത്തിയപ്പോള്‍ സര്‍ പെട്ടെന്നെന്തോ ഓര്‍മ വന്നത് പോലെ പെണ്‍കുട്ടികളുടെ ഉത്തരവാദിത്തമില്ലായ്മയെക്കുറിച്ച് പറയാന്‍ തുടങ്ങി.എന്നാലും പെട്ടന്നെന്താ ഇങ്ങനെ
പറയാന്‍ എന്നാലോചിച്ച് ഇരിക്കുമ്പോഴാണ് സംഭവം കയറി വരുന്നത്."നിങ്ങളൊന്നും ഇന്ന് പത്രം വായിച്ചില്ലേ,ഒരു പെങ്കൊച്ച് ട്രെയിനീന്ന് ചാടീന്നോ കൊന്നെന്നോ ഒക്കെ ഉണ്ടാര്ന്നല്ലോ."ഞങ്ങള്‍ക്ക് സംഭവം  പിടികിട്ടി.പെണ്‍കുട്ടികള്‍ മാത്രമുള്ള ക്ലാസായത്കൊണ്ട് ഉപദേശിക്കാന്‍ എല്ലാര്‍ക്കും ഭയങ്കര ഇന്ററസ്റ്റാണ്.ഇങ്ങനെ എന്തെങ്കിലും കിട്ടിയാല്‍ പിന്നെ പറയേം വേണ്ട.
  സര്‍ പെണ്‍കുട്ടികളെ മുഴുവന്‍ നന്നാക്കിയേ അടങ്ങൂ എന്ന വാശിയിലാണ് സംസാരം."എന്തായിരുന്നു ബഹളം
വനിതാക്കമ്മീ‍‍ഷന്‍,യൂത്ത്കോണ്ഗ്രസ്... പ്രകടനം നടത്താന്‍ ഇനിയാരും ബാക്കിയില്ല.എല്ലാരും രണ്ടോ മൂന്നോ ദിവസം കാണും അതു കഴി‍ഞ്ഞാപ്പിന്നെ അവനവന്‍ തന്നേ കാണൂ.അല്ലെങ്കില്‍ ആ കൊച്ചിന്റെ അഹങ്കാരമല്ലേ   കംപാര്‍ട്ട്മെന്റ് ഒഴിഞ്ഞ് കിടക്കുന്നത് കണ്ടിട്ടും ഞാന്‍ വലിയ ആളാണെന്നും പറഞ്ഞ് കയറി ഇരുന്നു.നിങ്ങള്‍ സൂക്ഷിച്ചാല്‍ നിങ്ങള്‍ക്ക് കൊള്ളാം.ഇന്നത്തെ കാലത്ത് ജീവിച്ച് പോണമെങ്കില്‍ പെണ്‍കുട്ടികള്‍ കുറേ കാര്യങ്ങള്‍ സൂക്ഷിച്ചേ പറ്റു."
 ഉള്ളില്‍ ദേ‍ഷ്യം പുകഞ്ഞ് വരുന്നുണ്ടായിരുന്നു.സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിവുള്ള,സ്വയം ജോലിചെയ്ത്
വീട്ടുകാരെ നോക്കുന്ന ഒരു പെണ്‍കുട്ടി രാത്രി ഒറ്റക്ക് ഒരു കംപാര്‍ട്ട്മെന്റില്‍ യാത്ര ചെയ്തത്
അഹങ്കാരമായിരുന്നത്രേ.ഇന്ത്യയിലെല്ലായിടത്തും സുരക്ഷിതമായി യാത്ര ചെയ്യാനുള്ള മൗലികാവകാശം സ്ത്രീകള്‍ക്ക് ബാധകമല്ലേ?പെണ്‍കുട്ടികള്‍ ഇനി ഇതില്‍ക്കൂടുതല്‍ എങ്ങോട്ടാണ് ഒതുങ്ങേണ്ടത്?
ജീവിക്കാന്‍ അനുവദിക്കുമായിരുന്നോ
   മൂന്നോ നാലോ ദിവസം സൗമ്യ ജീവിതത്തിലേക്ക് മടങ്ങിവരുമോ എന്ന് കാത്ത് കണ്ണിലെണ്ണയൊഴിച്ച്
കാത്തിരുന്നവരാണല്ലോ മാധ്യമങ്ങളും നല്ലവരായ നാട്ടുകാരുമൊക്കെ,ഒന്ന് ചോദിക്കട്ടെ,ആ കുട്ടി ജീവിതത്തിലേക്ക് മടങ്ങിവന്നിരുന്നുവെങ്കിലും നിങ്ങള്‍ ജീവിക്കാന്‍ അനുവദിക്കുമായിരുന്നോ?
അവള്‍ സ്വപ്നം കണ്ട ഒരു ജീവിതം അവള്‍ക്ക് കിട്ടുമായിരുന്നോ,ജീവിതാവസാനം വരെ ഒരു ദുഖ പുത്രിയായി (ഒരു പക്ഷേ അവള്‍ ആഗ്രഹിച്ചില്ലെങ്കിലും) ജീവിക്കുന്ന ഓരോ നിമിഷവും മരിച്ച് അവള്‍ ജീവിക്കേണ്ടി വന്നേനെ.ഒരു വിവാഹ ജീവിതം അവള്‍ സ്വപ്നം കാണുകയേ വേണ്ട എന്നത് പോട്ടെ.പഴയ ജീവിതത്തിലേക്ക് അവള്‍ മടങ്ങിവരാന്‍ പോലും നാം സമ്മതിക്കുമായിരുന്നോ?നമ്മുടെ സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ ഒരു പെണ്‍കുട്ടിയുടെ ജീവിതം ഒരു പുരുഷന് പവിത്രമായി സമര്‍പ്പിക്കാനുള്ളതാണല്ലോ,ബലാല്‍സംഗത്തോടെ ആ ജീവിതം അവസാനിക്കുന്നു.മറ്റൊരാള്‍ ചെയ്ത തെറ്റിന് നാം ജീവപര്യന്തം അനുഭവിക്കുന്ന പോലെ.​എന്നാണ്
സ്ത്രീകള്‍ക്കും സ്വന്തമായി ആത്മാവും,ആത്മാഭിമാനവുമുണ്ടെന്ന് നമ്മുടെ സമൂഹം കണ്ടെത്തുക ആവോ.......